മമ്മൂട്ടി – പൃഥ്വി – ആര്യ ഒന്നിക്കുന്ന പതിനെട്ടാംപടി ജൂലൈ അഞ്ചിന് എത്തുന്നു

വമ്പൻ താരനിരയുമായി ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന പതിനെട്ടാംപടി ജൂലൈ അഞ്ചിന് തീയേറ്ററുകളിലേക്ക്. ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന യൂണിവേഴ്‌സിറ്റി പ്രഫസര്‍ ആയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. ചിത്രത്തിലെ മമ്മൂട്ടിയുടെ മേക്കോവർ ചിത്രം മുമ്പ് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ചിത്രത്തില്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവർ അതിഥി താരങ്ങളായി എത്തുന്ന എന്നതാണ് ചിത്രത്തിന്റെ പേരിന് പുറമേയുള്ള പ്രധാന ആകർഷണീയത.
ഇതിനു പുറമേ 15 തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകൾ ഉള്‍പ്പെടെ 65 പുതുമുഖങ്ങളും അഭിനയിക്കുന്ന ചിത്രത്തിൽ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.18,000 പേര് പങ്കെടുത്ത ഓഡിഷനിൽ നിന്നാണ് 65 പുതുമുഖങ്ങളെ തെരഞ്ഞെടുത്തത്. ഇവർക്കായി ഏഴ് ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

എആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീത സംവിധാനം. വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ആകെ ഏഴ് പാട്ടുകളുണ്ട് ചിത്രത്തില്‍.

തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ശങ്കർ രാമകൃഷ്ണന്റെ രണ്ടാം സംവിധാന സംരംഭമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും.

Comments are closed.