‘അമ്മ’യില്‍നിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി

താരസംഘടനയായ ‘അമ്മ’യില്‍നിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി. അപേക്ഷ ഫീസ് പോലും വാങ്ങാതെയാകണം തിരിച്ചെടുക്കല്‍ നടപടികള്‍. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും യോഗത്തില്‍ നിർദേശം. അപാകത ഉണ്ടാകാത്തവിധം ‘അമ്മ’യുടെ ഭരണഘടന ഭേദഗതി നടപ്പാക്കണമെന്ന് ജനറല്‍ ബോഡിയില്‍ മമ്മൂട്ടി നിർദേശിച്ചു.

‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തല്‍ക്കാലം മാറ്റിവച്ചു. ഭേദഗതികളില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. കൊച്ചിയില്‍ ഇന്നുചേര്‍ന്ന ജനറല്‍ ബോഡിയില്‍ എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാനായില്ല. കൂടുതല്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ അവസരമുണ്ട്. ആരും എതിര്‍പ്പുകള്‍ പറഞ്ഞിട്ടില്ല. ചില മാറ്റങ്ങള്‍ പറഞ്ഞിട്ടുണ്ട്.

പാര്‍വതി തിരുവോത്തും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇവ പരിഗണിക്കും. രാജിവച്ചവര്‍ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയാല്‍ അവര്‍ക്കും തിരിച്ചുവരാമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

താരസംഘടനയായ ‘അമ്മ’ ഭരണഘടനാ ഭേദഗതിയില്‍ അടക്കം ഡബ്ല്യുസിസി നിര്‍ദേശങ്ങള്‍ ജനറല്‍ ബോഡിയില്‍ അറിയിച്ചു. എതിര്‍പ്പുളള വിഷയങ്ങളില്‍ ഡബ്ല്യുസിസിയുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കി. രേവതിയും പാര്‍വതി തിരുവോത്തുമാണ് ഡബ്ല്യുസിസിയില്‍ നിന്ന് പങ്കെടുത്തത്. അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഉണ്ടായെന്ന് രേവതി പ്രതികരിച്ചു.

ഡബ്ല്യുസിസി ഉന്നയിച്ചിരുന്ന നിര്‍ദേശങ്ങള്‍ കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡിയോഗത്തില്‍ അറിയിച്ചെന്നും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും രേവതി വ്യക്തമാക്കി. യോഗത്തില്‍ നിന്ന് ഇരുവരും മടങ്ങി. സംഘടനനേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ‌അമ്മയുടെ ഭരണഘടന ഭേദഗതിക്ക് ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കും.

Comments are closed.