വാട്ട്സപ്പ്, ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് അടക്കം സോഷ്യൽ മീഡിയ സേവനങ്ങൾക്ക് തടസം : സെർവർ തകരാറെന്ന് സൂചന

വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമ ആപ്പുകൾ പണിമുടക്കിയത് ഉപഭോക്താക്കളെ ആശയകുഴപ്പത്തിലാക്കി. വൈകിട്ട് അഞ്ച് മുതലാണു തടസ്സം നേരിട്ടത്. വാട്‌സാപ്പില്‍ വോയ്സ്, വിഡിയോ, ഫോട്ടോകള്‍ എന്നിവ ഡൗണ്‍ലോഡ് – അപ്‌ലോഡ് ആകുന്നില്ല. ഫെയ്‌സ്ബുക്കിലും ഇതു തന്നെയാണ് സ്ഥിതി. വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റാറ്റസ് കാണുന്നതിനും അപലോഡ് ചെയ്യുന്നതിലും പ്രശ്‌നമുണ്ട്.

വാട്‌സാപ്പിലാണു കൂടുതല്‍ പേര്‍ക്കും പ്രശ്‌നം അനുഭവപ്പെട്ടത്. സെര്‍വര്‍ മാറ്റത്തിനു വേണ്ടിയുള്ള പ്രവൃത്തി നടക്കുന്നതിനാലാണ് ഇവയെല്ലാം ഡൗണ്‍ ആയതെന്നു പറയപ്പെടുന്നു. എന്നാല്‍ ഫെയ്‌സ്ബുക്കില്‍നിന്ന് ഇത്തരത്തില്‍ ഒരു വിശദീകരണം വന്നിട്ടില്ല. എന്നാല്‍ ആദ്യം ഇതാര്‍ക്കും പിടികിട്ടാത്തതിനാല്‍ പലരും ഫോണിന്റേതാണു പ്രശ്‌നമെന്ന് തെറ്റിദ്ധരിച്ചു. നെറ്റ്‌വര്‍ക്കിനെയും പലരും സംശയിച്ചു.

ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിലെ തകരാറാണു പ്രശ്നത്തിനു കാരണമെന്നും റിപ്പോർട്ടുണ്ട്. ലോകത്താകമാനമുള്ള വിവിധ വെബ്സൈറ്റുകളുടെ പ്രവർത്തനം ഇതേത്തുടർന്നു താറുമാറായി. ഇന്റർനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്ഫെയർ തകരാറിനെ തുടർന്നു നിശ്ചലമായെന്നാണു സൂചന.

ഫ്ലൈട്രേഡർ, ഡൗൺ ഡിറ്റക്റ്റർ, ഡിസ്കോർഡ്, കോയിൻബേസ് പ്രോ പോലുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനത്തിൽ തടസം നേരിട്ടു. ക്ലൗഡ്ഫെയർ സെർവറുകൾ എപ്പോൾ പൂർവസ്ഥിതിയിലാകുമെന്നു വ്യക്തമല്ല. കമ്പനിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന വെബ്സൈറ്റുകളാണു വലിയൊരു വിഭാഗവും. ഇന്ത്യയിലെ പല മുൻനിര വെബ്സൈറ്റുകളും ഇന്റർനെറ്റ് സേവനങ്ങളും ക്ലൗഡ്ഫെയർ സെർവറുകളെ ആശ്രയിച്ചാണുള്ളത്.

ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സെർവീസ് അറ്റാക്ക് പോലുള്ള സൈബർ ആക്രമണങ്ങളിൽനിന്നും ഈ വെബ്സൈറ്റുകളെ സംരക്ഷിക്കുന്നതും ക്ലൗഡ്ഫെയർ സെർവറുകളാണ്. നെറ്റ്‌വർക്കിൽ ഉടനീളം പ്രശ്നം നേരിടുന്നതായി മനസ്സിലാക്കുന്നുവെന്നും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുവരികയാണെന്നും ക്ലൗഡ്ഫെയർ സിഇഒ മാത്യൂ പ്രൈസ് പറഞ്ഞു.

Comments are closed.