രോഹിത് : ലോകകപ്പ് സെഞ്ചുറികളുടെ രാജകുമാരൻ

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരം എന്ന നേട്ടം ഇനി രോഹിത് ശർമക്ക് സ്വന്തം.ശ്രീലങ്കക്കെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ 94 പന്തിൽ 103 റൺസ് നേടി കൊണ്ടാണ് രോഹിത് ലോകറെക്കോഡ് നേട്ടത്തിലേക്ക് നടന്ന് കയറിയത്.

92 പന്തിൽ 14 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിതിന്റെ 27–ാം ഏകദിന സെഞ്ചുറി. ഈ ലോകകപ്പിൽ രോഹിതിന്റെ അഞ്ചാം സെഞ്ചുറി കൂടിയാണിത്. 2015 ലോകകപ്പിൽ നാലു സെഞ്ചുറി നേടിയ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സച്ചിന്റെ (ആറ്) റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. സച്ചിൻ 44 ഇന്നിങ്സുകളിൽനിന്നാണ് ആറു സെഞ്ചുറി നേടിയതെങ്കിൽ വെറും 16 ഇന്നിങ്സുകളിൽനിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.

ഏകദിനത്തിൽ തുടർച്ചയായി മൂന്നു സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. ക്യാപ്റ്റൻ വിരാട് കോലിയാണ് ഇക്കാര്യത്തിൽ രോഹിതിന്റെ മുൻഗാമി.

ഈ ലോകകപ്പിലെ എട്ടു മൽസരങ്ങളിൽ രോഹിത്തിന്റെ സ്കോറുകൾ ഇങ്ങനെ:

122*, 57, 140, 1, 18, 102, 104, 103 !

ഇതോടെ, ഈ ലോകകപ്പിൽ രോഹിതിന്റെ റൺനേട്ടം 600 കടന്നു. സച്ചിൻ തെൻഡുൽക്കറിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് രോഹിത്. മാത്രമല്ല, ഈ ലോകകപ്പിലെ ടോപ് സ്കോറർമാരിൽ രോഹിത് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. എട്ടു മൽസരങ്ങളിൽനിന്ന് 606 റൺസ് നേടിയ ബംഗ്ലേദശ് താരം ഷാക്കിബ് അൽ ഹസനെ പിന്തള്ളിയ രോഹിത്തിന് ഇപ്പോൾ എട്ടു മൽസരങ്ങളിൽനിന്ന് 92.42 റൺസ് ശരാശരിയിൽ 647 റൺസായി. 27 റൺസ് കൂടി നേടിയാൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിന്റെ റെക്കോർഡ് മറികടക്കാനും അവസരമുണ്ട്. അതിനിടെ ലോകകപ്പിന്റെ ഗ്രൂപ്പു ഘട്ടത്തിൽ കൂടുതൽ റൺസെന്ന റെക്കോർഡ് രോഹിതിന്റെ പേരിലായി. സച്ചിന്റെ പേരിലായിരുന്ന റെക്കോർഡ് കഴിഞ്ഞ ദിവസം ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ തിരുത്തിയിരുന്നു. ഇതാണ് രോഹിത് സ്വന്തം പേരിലേക്കു മാറ്റിയത്.

ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ റൺസ്

647 – രോഹിത് ശർമ (2019)
606 – ഷാക്കിബ് അൽ ഹസൻ (2019)
586 – സച്ചിൻ തെൻഡുൽക്കർ (2003)
580 – മാത്യു ഹെയ്ഡൻ (2007)
516 – ഡേവിഡ‍് വാർണർ (2019)

Comments are closed.