ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട ; താൻ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് കൈതപ്രം

ലളിതകലാ അക്കാഡമിയുടെ കാർട്ടൂൺ പുരസ്‌കാര വിവാദത്തെ നിശിതമായി വിമർശിച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ലളിതകലാ അക്കാഡമിയുടെ ചിത്ര–ശിൽപ കലാ ക്യാമ്പിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.

കലയിലൂടെ മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണമെന്നതായിരുന്നു കൈതപ്രത്തിന്റെ ചോദ്യം. എന്നാൽ മതത്തിന്റെ പക്ഷത്തു നിൽക്കുന്ന ആളായത് കൊണ്ടാവും കൈതപ്രത്തിന്റെ നിലപാടെന്നു കഥാകൃത്ത് അശോകൻ ചരുവിൽ വിമർശനമുന്നയിച്ചത് കവിയെ ചൊടിപ്പിച്ചു. താൻ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് കൈതപ്രം പറഞ്ഞു.”നമ്പൂതിരിയെന്ന വാല് മുറിച്ചു കളയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൈതപ്രമെന്ന പേരു മതി. ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട. എനിക്കാരെയും പേടിയില്ല. ഒരു മതത്തെയും പേടിയില്ല. നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാൻ. പക്ഷേ, മനസൊരിക്കലും തളർന്നിട്ടില്ല’- ഇതായിരുന്നു കൈതപ്രത്തിന്റെ മറുപടി.

മാത്രമല്ല,​ പാട്ടെഴുത്തിന്റെ പ്രതിഫലത്തെ ചൊല്ലി കൈതപ്രവും ലളതകലാ അക്കാദമി ചെയ‌മാൻ നേമം പുഷ്‌പരാജും തമ്മിലും തർക്കമുണ്ടായി. നേമം പുഷ്പരാജ് സംവിധാനം ചെയ്ത ‘ഗൗരീശങ്കരം’ എന്ന ചിത്രത്തിനായി പാട്ടെഴുതിയെങ്കിലും പ്രതിഫലം നൽകാതെ ഒഴിവാക്കിയെന്നായിരുന്നു കൈതപ്രം പ്രസംഗത്തിൽ പരാമർശിച്ചത്. പണം നൽകിയിരുന്നെന്നും കവിക്ക് ഓർമപ്പിശക് സംഭവിച്ചതാകാമെന്നും പുഷ്പരാജ് വേദിയിൽ തന്നെ പ്രതികരിച്ചു. പണം നൽകിയിട്ടില്ലെന്ന് കൈതപ്രം ആവർത്തിച്ചതോടെ തർക്കത്തിൽ കലാശിക്കുകയായിരുന്നു.

Comments are closed.