വയസ് പത്ത് ; പക്ഷേ പയ്യന്‍ വേറെ ലെവലാണ് !

സംഗീതം സ്വാധീനിക്കാത്ത മാനവ ഹൃദയങ്ങളുണ്ടാവില്ല. മനുഷ്യന്‍ എവിടെയുണ്ടോ അവിടെയെല്ലാം സംഗീതവും ഉണ്ട് . അത്രയേറെ
സാർവത്രികമാണ്‌ അവ. പറഞ്ഞു വരുന്നത് സംഗീതം എന്ന മഹാസാഗരത്തെ ഉള്ളംകൈയില്‍ ഭദ്രമാക്കി കുതിക്കുന്ന ഒരു പത്തുവയസ്സുകാരന്‍
ബാലനെകുറിച്ചാണ്. ഏഷ്യാനെറ്റിലെ “സകലകലാവല്ലഭന്‍ വണ്ടര്‍കിഡ്” എന്ന റിയാലിറ്റി ഷോയില്‍ ശ്രദ്ധേയമായി മുന്നേറികൊണ്ടിരിക്കുന്ന
മാസ്റ്റര്‍.പി. ആനന്ദ്‌ ഭൈരവ് ശര്‍മ്മ സംഗീത ലോകത്തെ ഒരു അത്ഭുതമാകുകയാണ്. ഈ ചെറുപ്രായത്തിനിടയില്‍ ‘കണ്ണന്‍’
എന്ന് വിളിപ്പേരുള്ള ആനന്ദ്‌ ഭൈരവ് ശര്‍മ്മ പിന്നിട്ട വേദികള്‍ ഏവരിലും ആശ്ചര്യം നിറക്കുന്നവയാണ്.

അഞ്ചാം വയസ്സില്‍ ഏഷ്യാനെറ്റ്‌ – ഐഡിയ സ്റ്റാര്‍ സിംഗറില്‍ അതിഥിയായി പാടികൊണ്ടാണ് ആനന്ദ്‌ തന്‍റെ സംഗീതലോകത്തേക്കുള്ള വരവറിയിച്ചത്.
മൂന്നാം വയസ്സില്‍ ഏഷ്യാനെറ്റിലെ തന്നെ സ്നഗ്ഗി ഹാപ്പി ബേബി കോണ്ടസ്റ്റില്‍ വിജയിയായിരുന്നു. സോപാന സംഗീതജ്ഞയായ മാതാവില്‍ നിന്ന്
ശിശുവായിരിക്കുമ്പോള്‍ തന്നെ സംഗീത പഠനം ആരംഭിച്ച കണ്ണന്‍ ആറാം വയസ്സുമുതല്‍ കര്‍ണാടക സംഗീത കച്ചേരികള്‍ വേദികളില്‍ അവതരിപ്പിച്ചു തുടങ്ങി.
വിവിധ കലോത്സവങ്ങളില്‍ നിന്നായി ഇതിനോടകം ഏഴ് തവണ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയിട്ടുള്ള ആനന്ദ്‌ ഒമ്പതാം വയസ്സില്‍ പുറത്തിറക്കിയ ഓഡിയോ CD
മാദ്ധ്യമശ്രദ്ധ നേടി. മുതിര്‍ന്നവര്‍ക്കുപോലും ആലപിക്കാന്‍ ഏറെ പ്രയാസമുള്ള സ്വാതി തിരുനാള്‍ മഹാരാജാവ് ചിട്ടപെടുത്തിയിട്ടുള്ള നവരാത്രി കൃതികള്‍ ആണ് ആനന്ദ് CDയില്‍
പാടിയത്. കര്‍ണാടക സംഗീത പിതാമഹന്‍ എന്ന് വിശേഷിപ്പിക്കപെടുന്ന പുരന്ദരദാസര്‍ ചിട്ടപെടുത്തിയ ‘രാമ രാമ രാമസീത’ എന്ന കൃതി ആനന്ദ്‌ ആലപിച്ച് യുടൂബില്‍ പങ്കുവച്ചത്
ഇതിനോടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റികഴിഞ്ഞു.

തമിഴ് ചാനല്‍ സ്റ്റാര്‍ വിജയ്‌ ടിവി സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ്‌ റിയാലിറ്റി ഷോ സൂപ്പര്‍ സിംഗര്‍ , ഫ്ലവേര്‍സ് ചാനലിലെ ടോപ്‌ സിംഗറിലും ശ്രദ്ധേയമായ പ്രകടനം
കാഴ്ചവച്ച ആനന്ദ്‌ ഭൈരവ് ശര്‍മ ഇപ്പോള്‍ ‘സകലകലാവല്ലഭന്‍ വണ്ടര്‍കിഡ്’ എന്ന പ്രോഗ്രാമില്‍ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്.

ആലാപനത്തിന് പുറമേ എല്ലാ സംഗീത ഉപകരണങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന ആനന്ദ്‌ ഭൈരവ് ശര്‍മ വയലിന്‍ , ഫ്ലൂട്ട് എന്നിവ അഭ്യസിച്ചത്‌ ഗുരുവില്ലാതെ സ്വയമായാണ്.
വയലിന്‍ അഭ്യസിക്കുമ്പോള്‍ ആനന്ദ്‌ മാനസ ഗുരുവായി സ്വീകരിച്ചത് അമ്മയുടെ ഗുരുവായ പ്രശസ്ഥ വയലിനിസ്റ്റ് ബി.ശശികുമാറിനെയാണ്.

ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്റ്റും കാഞ്ചികാമകോടിപീഠം ആസ്ഥാന മൃദംഗവിദ്വാനുമായ (2014) പ്രവീണ്‍ ശര്‍മ ആണ് പിതാവ്.
കാവാലം നാരായണപണിക്കരുടെ ശിഷ്യയും സോപാന സംഗീതജ്ഞയുമായ ആശാ പ്രവീണ്‍ ശര്‍മയാണ് മാതാവ് .

Ads

Comments are closed.