നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ ; പൊളിക്കരുതെന്ന് ആവശ്യപെട്ടു നടത്തിയ ധരണയില്‍ സൗബിനും മേജര്‍ രവിയും

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ ധര്‍ണ നടത്തി

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ ധര്‍ണ നടത്തി. മരട് നഗരസഭാ ഓഫീസിന് മുന്നിലാണ് ധർണ. ഡോ. സെബാസ്റ്റ്യന്‍ പോൾ, കെ.ബാബു, നടൻ സൗബിൻ ഷാഹിർ , സംവിധായകൻ മേജര്‍ രവി തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു. മരട് ഭവന സംരക്ഷണസമിതിയാണ് ധർണ നടത്തുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിച്ച് നീക്കണമെന്ന് മെയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിങ്, ആൽഫ വെൻച്വെർസ് എന്നീ ഫ്ലാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്.

ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മരട് മുൻസിപ്പാലിറ്റിയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. ഫ്ലാറ്റ് ഉടമകൾ കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കട്ടെയെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞിരുന്നു.

ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി വിധി തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്നും സർക്കാർ ഇടപെടൽ വേണമെന്നും ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേൾക്കാതെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവുണ്ടായത്. ഇതുകൊണ്ടാണു റിട്ട് ഹർജികളും റിവ്യൂ ഹർജികളും തുറന്ന കോടതിയിൽ വാദം കേൾക്കാതെ തള്ളിയത്.

നാനൂറോളം കുടുംബങ്ങൾ തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് മരട് ഭവന സംരക്ഷണസമിതി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി, സി.എം. വർഗീസ്, ജോർജ് കോവൂർ, ബിയോജ് ചേന്നാട്ട് എന്നിവർ പറഞ്ഞു. 2011ലെ സിആർസെഡ് വിജ്ഞാപന പ്രകാരം സംസ്ഥാന സർക്കാർ സമർപ്പിച്ച് 2019 ഫെബ്രുവരി 28നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച തീരമേഖലാ കൈകാര്യ പദ്ധതിയിൽ മരട് ഉൾപ്പെടുന്ന പ്രദേശത്തെ സിആർസെഡ്- രണ്ടിലാണ് പെടുത്തിയത്.

എന്നാൽ, സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി ഇക്കാര്യം മറച്ചുവച്ച് 1996ലെ അവ്യക്തതയുള്ള പദ്ധതി ആധാരമാക്കി പ്രദേശം സിആർസെഡ്- മൂന്നിലാണെന്നു കാട്ടി കോടതിക്കു റിപ്പോർട്ട് നൽകിയെന്ന് ഇവർ ആരോപിച്ചു. സുപ്രീംകോടതി വിധി സംസ്ഥാനത്താകെ നടപ്പായാൽ തീരദേശ മേഖലയിലെ പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും മരടു പ്രദേശത്ത് 2019 ഫെബ്രുവരിക്കു മുൻപു നിർമിച്ച രണ്ടായിരത്തിലേറെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ വഴിയൊരുങ്ങുകയും ചെയ്യും.

Comments are closed.