അക്ഷയ് കുമാറിന്റെ പ്രതിഫലം 54 കോടി !

തുടരെ ഹിറ്റുകളുമായി ബോളിവൂഡിലെ ഒന്നാം നമ്പർ താരമായി മാറുകയാണ് അക്ഷയ് കുമാർ

തുടര്‍ച്ചയായ വിജയചിത്രങ്ങള്‍ അക്ഷയ് കുമാറിനെ ബോളിവൂഡിലെ ഒന്നാം നമ്പർ താരമാക്കി മാറ്റിയിരിക്കുകയാണ് . സിനിമകൾ വലിയ വിജയം നേടുന്ന സാഹചര്യത്തിൽ അദ്ദേഹം തന്റെ പ്രതിഫലവും വർധിപ്പിച്ചിരിക്കുന്നു. ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത ചിത്രത്തിനായി അദ്ദേഹം വാങ്ങുന്ന പ്രതിഫലം ഏകദേശം 54 കോടി രൂപയാണ്.

ഒന്‍പത് എന്ന സംഖ്യയോട് അക്ഷയ്ക്ക് വലിയ പ്രിയമുണ്ട്. 2012ൽ റൗഡി റാത്തോർ സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് 27 കോടി പ്രതിഫലമായി നൽകണമെന്നായിരുന്നു അക്ഷയ് ആവശ്യപ്പെട്ടത്. ഇപ്പോൾ അത് 54 കോടിയിൽ എത്തിയിരിക്കുന്നു.

പ്രഭുദേവ സംവിധാനം ചെയ്ത റൗഡി റാത്തോർ നിർമിച്ചത് സഞ്ജയ് ലീല ബൻസാലിയാണ്. ബൻസാലിയുടെ പദ്മാവതിനു വേണ്ടി തന്റെ പാഡ്മാന്റെ റിലീസ് അക്ഷയ് നീട്ടിവച്ചിരുന്നു. അതിന് പകരമായി റാത്തോറിന്റെ രണ്ടാം ഭാഗം ബൻസാലി നിർമിച്ചു തരണമെന്ന് തമാശയായി അക്ഷയ് ആവശ്യപ്പെട്ടിരുന്നു.

എന്തായാലും ഇപ്പോൾ റൗഡി റാത്തോറിന്റെ രണ്ടാം ഭാഗത്തിനു തുടക്കമാകുകയാണ്. ആദ്യ ഭാഗത്തിൽ അക്ഷയ്ക്കു നൽകിയ പ്രതിഫലത്തിന്റെ ഇരട്ടിയാണ് ഇനി നിർമാതാക്കൾക്കു നൽകേണ്ടി വരുക.

ഫോർബ്സ് മാസിക പുറത്തുവിട്ട ധനികരായ 100 താരങ്ങളുടെ പട്ടികയില്‍ അക്ഷയ് കുമാറും ഇടം നേടിയിരുന്നു. താരത്തിന്റെ സ്ഥാനം 33 ആണ്. 444 കോടി രൂപ (65 മില്യണ്‍ യുഎസ് ഡോളര്‍) ആണ് അക്ഷയ് കുമാറിന്റെ വാര്‍ഷിക വരുമാനമായി മാഗസിന്‍ കണക്കാക്കുന്നത്.

കൈനിറയെ ചിത്രങ്ങളാണ് അക്ഷയ്‌യുടേതായി അനൗണ്‍സ് ചെയ്തിരിക്കുന്നതും. റിലീസിനൊരുങ്ങുന്ന മിഷൻ മംഗൽ, ഫർഹാദ് സാംജിയുടെ ഹൗസ്ഫുൾ 4, രാജ് മേഹ്തയുടെ ഗുഡ് ന്യൂസ്, ലോറൻസിന്റെ ലക്ഷ്മി ബോംബ്, രോഹിത് ഷെട്ടിയുടെ സൂര്യ വൻശി, സാംജിയുടെ തന്നെ ബച്ചൻ പാണ്ഡെ, ജഗൻ ശക്തിയുടെ കത്തി റീമേയ്ക്ക് ഇവയാണ് അക്ഷയ്‌യുടെ പ്രോജക്ടുകൾ.

Comments are closed.