ലിനുവിന്റെ അമ്മയ്ക്ക് സാന്ത്വനമായി നടന് മോഹന്‍ലാല്‍ ; മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് ലിനുവിന്റെ കുടുംബത്തിന്റെ കടബാധ്യതകള്‍ ഏറ്റെടുക്കും ; കുടുംബത്തിന് വീടു നിര്‍മിച്ച് നല്‍കും
സംവിധായകന് മേജര്‍ രവിയുടെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് ഭാരവാഹികള്‍ കോഴിക്കോട്ടെത്തി കത്ത് നേരിട്ട് ലിനുവിന്റെ അമ്മയ്ക്ക് നല്കി
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനു(34)വിന്റെ അമ്മയ്ക്ക് സാന്ത്വനമായി നടന് മോഹന്‍ലാലിന്റെ കത്ത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ ലെറ്റര്‍പാഡിലാണ് താരം കത്തെഴുതിയത്. ‘പ്രിയപ്പെട്ട അമ്മയ്ക്ക്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാരംഭിക്കുന്ന കത്തില്‍ മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കാന്‍ വലിയ മനസ്സും ധീരതയും വേണമെന്നും അമ്മയുടെ മകന് യാത്രായയത് മൂന്നു കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്നും മോഹന്‍ലാല്‍ പറയുന്നു. സംവിധായകന് മേജര്‍ രവിയുടെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് ഭാരവാഹികള്‍ കോഴിക്കോട്ടെത്തി കത്ത് നേരിട്ട് ലിനുവിന്റെ അമ്മയ്ക്ക് നല്കി. നേരത്തേ, മോഹന്‍ലാല്‍ ലിനുവിന്റെ അമ്മയെ നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചിരുന്നു.
ലിനുവിന്റെ കുടുംബത്തിന് നടന് മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന് വീട് നിര്‍മിച്ച് നല്‍കും എന്ന് ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഫൗണ്ടേഷന് പ്രതിനിധിയായി എത്തിയ മേജര്‍ രവി അറിയിച്ചു. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് ഫൗണ്ടേഷന് പ്രതിനിധികള്‍ കൈമാറി . വീട് നിര്‍മ്മിച്ച് നല്കുന്നതിനു പുറമേ ലിനുവിന്റെ കടബാധ്യതകള്‍ ഏറ്റെടുക്കുമെന്നും , കടം വീട്ടാനുള്ള തുക വിശ്വശാന്തി ഫൗണ്ടേഷന് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്.
മോഹൻലാലിന്റെ കത്തിന്റെ പൂർണരൂപം
പ്രിയപ്പെട്ട അമ്മയ്ക്ക് ‘അമ്മ ക്യാംപിലായിരുന്നു എന്ന് അറിയാം. ക്യാംപിലേയ്ക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകൻ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ വലിയ വലിയ മനസ് വേണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ. ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടു പോയത്. വാക്കുകൾ കൊണ്ട് അമ്മയെ ആശ്വസിപ്പിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. ഇതുപോലെ ഒരു മകനെ സമൂഹത്തിനു നൽകിയതിന് മറ്റൊരു മകൻ എഴുതുന്ന സ്നേഹവാക്കുകൾ ആയി ഇതിനെ കരുതണം…
സ്നേഹത്തോടെ പ്രാർത്ഥനയോടെ അമ്മയുടെ മോഹൻലാൽ…
Comments are closed.