മമ്മൂട്ടിയോട് യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം എന്ന് മോഹന്‍ലാല്‍

അദ്ദേഹത്തിന് നല്ല റേോളുകൾ കിട്ടുമ്പോൾ എനിക്കും നല്ല റോളുകൾ കിട്ടണമെന്ന് ഞാൻ കൊതിക്കാറുണ്ട്.

മലയാള സിനിമയുടെ നെടുംതൂണുകള്‍ ആണ് മോഹന്‍ലാലും മമ്മൂട്ടിയും . നാൽപ്പതിലേറെ വർഷങ്ങളായി ഇരുവരും മലയാള സിനിമാ മേഖലയെ സ്വന്തം ചുമലുകളിൽ താങ്ങി നിറുത്തുകയാണ് ഇരുവരും. അഭിനയപ്രതിഭകളായ യുവതാരങ്ങൾ ഉദയം ചെയ്യുന്നുണ്ടെങ്കിലും മമ്മൂട്ടി-മോഹൻലാൽ ദ്വയങ്ങൾ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച സംഭാവനങ്ങൾ അവാച്യമാണ്.

അതുകൊണ്ടുതന്നെയാണ് ഇരുവരും എപ്പോഴും താരതമ്യത്തിന് വിധേയരാകുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിൽ അവരുടെ ആരാധകർ ഏറ്റുമുട്ടാറുള്ള കാഴ്‌ചകൾക്ക് താരങ്ങളുടെ അഭിനയജീവിതത്തോളം പ്രായം വരും. ആരാധകർ കാണിക്കുന്ന ഇത്തരം അമിതാവേശങ്ങൾക്ക് ഒരുപരിധിവരെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മമ്മൂട്ടിയും മോഹൻലാലും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ താരയുദ്ധമല്ല, ആരോഗ്യകരമായ മത്സരമാണ് തനിക്കും മമ്മൂട്ടിക്കും ഇടയിലുള്ളതെന്ന് പറയുകയാണ് സാക്ഷാൽ മോഹൻലാൽ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് ലാൽ മനസു തുറന്നത്. മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഒരു താരയുദ്ധം നിലനിൽക്കുന്നുണ്ടെന്ന് മലയാളികൾ വിശ്വസിക്കുന്നുണ്ട്. അത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മഹാനടൻ.

മോഹൻലാലിന്റെ വാക്കുകൾ-

യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്‌ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാൻ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാൻ. പിന്നെ ഞാൻ എന്തിനാണ് അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റേോളുകൾ കിട്ടുമ്പോൾ എനിക്കും നല്ല റോളുകൾ കിട്ടണമെന്ന് ഞാൻ കൊതിക്കാറുണ്ട്. അതിൽ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാൻ മറ്റൊരാൾ ശ്രമിക്കുമ്പോഴല്ലേ പ്രശ്‌നമുള്ളൂ.

Comments are closed.