വരണ്ടുണങ്ങിയ മനസ്സിലേക്ക് സ്നേഹമഴയായി പെയ്തിറങ്ങുന്നു ‘കൂടെ’

by അജി പാണയം

അഞ്ജലി മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ‘കൂടെ’ തീയറ്ററുകളിലെത്തി . പൃഥ്വിരാജ് , നസ്രിയ നാസിം , പാര്‍വതി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു.അതുൽ കുൽക്കർണി, രഞ്ജിത്, മാലാ പാർവതി, റോഷൻ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ജോഷ് എന്ന ചേട്ടന്‍റെയും ജെനി എന്ന അനിയത്തികുട്ടിയുടെയും കഥയാണ് ‘കൂടെ’പറയുന്നത് . പ്രാരാബ്ദങ്ങളുടെ തേരിലേറി 15ആം വയസ്സില്‍ ജോലി തേടി വിദേശത്തേക്ക് പോകേണ്ടി വന്ന ചെറുപ്പക്കാരനാണ് ജോഷ്. നന്നേ ചെറുപ്പത്തില്‍ തന്നെ ജോലിക്കായി വിദേശത്തേക്കയച്ച മാതാപിതാക്കളോട് മനസ്സില്‍ അമര്‍ഷം സൂക്ഷിക്കുന്ന ജോഷ് നാട്ടിലേക്കു മടങ്ങുന്നിടത്ത് ചിത്രമാരംഭിക്കുന്നു. വളരെയേറെ ശോകമൂകമായ തുടക്കവും അതോടൊപ്പം മടുപ്പിക്കുന്ന പശ്ചാത്തല സംഗീതവും, ഈ പടത്തിനു ടിക്കറ്റെടുത്തത് അബദ്ധമായോ എന്നു പ്രേക്ഷകനെകൊണ്ട് ചിന്തിപ്പിക്കുന്നിടത്ത് നസ്രിയയുടെ കഥാപാത്രം ജെനി എത്തുന്നു. പിന്നീടങ്ങോട്ട് ജെനിയുടെ ചുമലിലേറി ചിത്രം അതിന്‍റെ പേസിലേക്കെത്തുകയാണ്.

ഈ സന്ദര്‍ഭത്തില്‍ ജെനി ‘ഞാന്‍ കൂടി മിണ്ടാതിരുന്നാല്‍ ഇതൊരു അവാര്‍ഡ് സിനിമ ആയേനെ ‘ എന്നു പറയുമ്പോള്‍ തീയറ്ററില്‍ ഉയരുന്ന കയ്യടി അതുവരെ പ്രേക്ഷകനെ ചിത്രം എത്രമാത്രം മുഷിപ്പിച്ചു എന്നതിന് തെളിവാണ്. എന്നാല്‍ ആദ്യ അരമണിക്കൂറിന് ശേഷം ജെനി എത്തുന്നതോട് കൂടി ചിത്രം ആസ്വാദ്യകരമാകുന്നു. ജെനി തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റും. നാട്ടില്‍ പ്രത്യേകിച്ചു സൌഹൃദങ്ങളോ ബന്ധങ്ങളോ സൂക്ഷിട്ടില്ലാത്ത ജീവിതസാഹചര്യങ്ങള്‍ പരുക്കനാക്കി തീര്‍ത്ത ചേട്ടനെ കുസൃതിക്കാരിയായ അനിയത്തികുട്ടി മെരുക്കിയെടുത്തു ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാമെന്ന് പഠിപ്പിക്കുന്നു. ജോഷും ജെനിയും ആണ് ചിത്രത്തില്‍ ഏറെ ഭാഗത്തും നിറഞ്ഞു നില്‍ക്കുന്നത്. അവരുടെ ഇടയിലേക്ക് സോഫിയയും മാതാപിതാക്കളും കടന്നു വരുന്നു. സോഫിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍വതി ആണ്.ജോഷിന്‍റെയും ജെനിയുടെയും പിതാവായി രഞ്ജിത്ത് മികച്ച അഭിനയം കാഴ്ചവെക്കുന്നു. ജെനി എന്ന കുസൃതി പെണ്‍കുട്ടിയുടെ വേഷം മികവുറ്റതാക്കിയ നസ്രിയ ഗംഭീര മടങ്ങിവരവാണ് നടത്തിയിരിക്കുന്നത്. ജോഷ് എന്ന കഥാപാത്രത്തെ പൃഥ്വിയും മികവുറ്റതാക്കിയിരിക്കുന്നു.

ഫ്ലാഷ്ബാക്കുമായി ചേര്‍ത്തിണക്കി കഥപറയുന്ന ചിത്രം ജീവിതത്തില്‍ കടമകള്‍ക്കും സ്നേഹത്തിനുമിടയിലുള്ള അര്‍ത്ഥവ്യത്യാസങ്ങളെകുറിച്ചും പലവിധ പ്രശ്നങ്ങള്‍ക്കിടയില്‍ നാം ചേര്‍ത്ത് വെക്കാന്‍ മറന്നു പോകുന്ന ബന്ധങ്ങളെ കുറിച്ചും അതിന്‍റെ മൂല്യങ്ങളെകുറിച്ചും ഓര്‍മപ്പെടുത്തുന്നു. അതേ, കൂടെ ഒരു ഓര്‍മപ്പെടുത്തലാകുന്നു , ജീവിച്ചിരിക്കുന്ന കാലത്ത് ചേര്‍ത്ത് പിടിക്കേണ്ട ചില ബന്ധങ്ങളെകുറിച്ചും ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കണമെന്നതിനെ കുറിച്ചും.

അഞ്ജലി മേനോന്‍ ഒരിക്കല്‍ കൂടി അടിവരയിടുന്നു അവരിലെ ബഹുമുഖ കലാപ്രതിഭയെ. അഞ്ജലിയുടെ ഓരോ ചിത്രങ്ങളും ഒന്നില്‍ നിന്നു മറ്റൊന്നു തികച്ചും വ്യത്യസ്തങ്ങളാണ് എന്നത് എടുത്തു പറയേണ്ടതാണ്. ബാംഗ്ലൂര് ഡേയ്സില്‍ നിന്നും തികച്ചും വേറിട്ടൊരു കഥപറച്ചില്‍ രീതിയാണ് ‘കൂടെ’യില്‍ അവലംബിച്ചിരിക്കുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഉസ്താദ് ഹോട്ടലിന് വേണ്ടിയുള്ള എഴുത്ത്. .ഈ ചിത്രത്തില്‍ ജെനി ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്നപോലെയുള്ള ചില സന്ദര്‍ഭങ്ങള്‍ പ്രേക്ഷകനില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തുന്നതും ചിലയിടങ്ങളിലെ ലാഗിങ്ങും ചില കഥാപാത്രങ്ങളെകുറിച്ചു നിലനില്‍ക്കുന്ന അവ്യക്തതകളും ഒഴിച്ചു നിര്‍ത്തിയായാല്‍ ശക്തമായ തിരകഥയാണ് അഞ്ജലിയുടേത്. ലിറ്റില്‍ സ്വയമ്പിന്‍റെ ഛായാഗ്രഹണം മികച്ചു നിന്നു. പശ്ചാത്തല സംഗീതം കുറച്ചുകൂടി മികവുറ്റതാക്കാമായിരുന്നു. എന്നാല്‍ രഘു ദീഷിത് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ നിലവാരം പുലര്‍ത്തി. എം.ജയചന്ദ്രന്‍ ഈണം നല്കിയ ഗാനങ്ങളും ആസ്വാദ്യകരമാണ്. എഡിറ്റിങ് മികച്ചതാണ്.

മുന്‍ധാരണകളുടെ അധികഭാരമില്ലാതെ സമീപിച്ചാല്‍ കുടുംബസമേതം ആസ്വദിക്കാന്‍ കഴിയുന്ന സ്നേഹം നിറച്ച ഒരു വ്യത്യസ്ഥ ചിത്രമാണ് ‘കൂടെ’.

Cine Time Rating 3/5

Comments are closed.