ഭിക്ഷകാരിയുടെ വീട്ടില്‍ ദുരിതാശ്വാസത്തിനായി എത്തിയവര്‍ ആ കാഴ്ച കണ്ട് ഞെട്ടി! നോട്ടുശേഖരം എണ്ണിക്കഴിഞ്ഞപ്പോള്‍ വൈകിട്ട് ആറു മണി; സംഭവം തൃശ്ശൂരില്‍

ദുരിതാശ്വാസത്തിനായി സഹായം അഭ്യര്‍ത്ഥിച്ച അമ്മയുടെയും മകളുടെയും വീട്ടിലെത്തിയപ്പോള്‍ കൗണ്‍സിലറും കോര്‍പ്പറേഷന്‍ ജീവനക്കാരും ഞെട്ടി. ഭിക്ഷ യാചിച്ച് കഴിയുന്ന അമ്മയും മകളും മാത്രം താമസിക്കുന്ന വീട് മഴയില്‍ തകരുന്നു എന്ന് വിവരംകിട്ടി സഹായം നല്‍കാന്‍ എത്തിയപ്പോഴാണ് കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലും കോര്‍പ്പറേഷനിലെ ജീവനക്കാരും അമ്പരന്നത്.

പാട്ടുരായ്ക്കലിലെ വിയ്യൂര്‍ റോസ് ബസാറിലെ വീട്ടിലെത്തിയപ്പോള്‍ തകരുന്ന വീടിന് പുറത്തായിരുന്നു അമ്മയും മകളും. അവര്‍ക്ക് ബുദ്ധിസ്ഥിരതയില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സഹായിക്കാനെത്തിയവര്‍ വീടിനകത്ത് കടന്നു. തകര്‍ന്ന് വീഴാറായ വീട്ടിലെ വൃത്തികേടുകള്‍ മാറ്റാന്‍ തുടങ്ങിയപ്പോഴാണ് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നോട്ടുകള്‍ കണ്ടത്.

പോലീസിനെയും തഹസില്‍ദാരെയും വില്ലേജ് ഓഫീസറെയും വിവരം അറിയിച്ചു. കൂട്ടുകാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിനേയും സി.പി.എം. ലോക്കല്‍ സെക്രട്ടറി ടി.എസ്. സുമേഷിനേയുംകാര്യമറിയിച്ചു. എല്ലാവരുമെത്തി പരിശോധന നടത്തി. തലയണയ്ക്കിടയിലും ബാഗിലും പെട്ടിയിലുമായി കണ്ടെത്തിയ തുക മുഴുവന്‍ കണ്ടെത്തിയപ്പോഴേക്കും രാത്രി പതിനൊന്ന് കഴിഞ്ഞു.

ചുരുട്ടിയും അഴുക്ക് പിടിച്ചും കീറിയും കിടന്നിരുന്ന നോട്ടുകള്‍ പിന്നീട് എല്ലവരും ചേര്‍ന്ന് എണ്ണിത്തുടങ്ങി. വൈകീട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ മണി ആറ്. മൊത്തം തുക 1,30,755 രൂപ. പത്തിന്റെ പഴകിയ നോട്ടുകളാണേറെയും. ഈ തുക തഹസില്‍ദാര്‍ ട്രഷറിയില്‍ അടയ്ക്കാനായി രേഖപ്പെടുത്തി. മുക്കാല്‍ ഭാഗവും ഇടിഞ്ഞ് വൈദ്യുതി ബന്ധമില്ലാത്ത വീട്ടില്‍ കഴിയുന്ന അമ്മയേയും മകളേയും സുരക്ഷിത സ്ഥാനത്തെത്തിക്കുകയായി അടുത്ത നടപടി. പിന്നീട് അമ്മയേയും മകളെയും ആശാഭവനില്‍ എത്തിക്കുകയായിരുന്നു.

Comments are closed.