നടിമാരുടെ പരാതിയില്‍ തീരുമാനം കൈകൊള്ളാന്‍ ജനറല്‍ ബോഡി വിളിക്കും ; താന്‍ രാജിക്കൊരുങ്ങി എന്നത് മാധ്യമ സൃഷ്ടി : മോഹന്‍ലാല്‍
‘അമ്മ’യിലെ വനിത അംഗങ്ങൾ ചൂണ്ടിക്കാട്ടിയതു നല്ല കാര്യങ്ങൾ എന്ന് പ്രസിഡന്റ് മോഹൻലാൽ. രേവതി, പത്മപ്രിയ, പാർവതി എന്നിവരുമായി നിർവാഹക സമിതിയോഗത്തിൽ നടത്തിയ ചർച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് പരമാവധി ശ്രമിക്കുന്നത്. പ്രസിഡന്റ് പദവി രാജി വക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് രാജി വക്കുകയല്ലല്ലോ വേണ്ടത് പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാളെ വേണ്ടത് എന്നും രാജിവക്കുമെന്നത് തെറ്റായ പ്രചരണം ആണെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടാതെ എല്ലാവരും വേര്പിരിഞ്ഞുപോയാല് അപ്പോള്‍ പ്രസിഡന്റ് പദം രാജിവയ്ക്കാമെന്നും തമാശരൂപെണേ അദ്ദേഹം വ്യക്തമാക്കി. വനിതാ അംഗങ്ങൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളിൽ ചർച്ച പൂർത്തിയായില്ല. ചർച്ച തുടരാനും ഇവരുടെ അഭിപ്രായം രേഖപ്പെടുത്താനും ജനറൽബോഡി വിളിക്കും. ഡബ്ല്യുസിസി അംഗങ്ങളായല്ല തങ്ങൾ ചർച്ചയിൽ പങ്കെടുത്തതെന്ന് മൂന്നു നടിമാരും പ്രതികരിച്ചു. നിർവാഹക സമിതിയംഗം കെ.ബി. ഗണേഷ്കുമാർ യോഗത്തിൽ പങ്കെടുത്തില്ല.
അമ്മ ഭരണഘടനയിലെ പിഴവുകൾ പരിഹരിക്കാൻ പുതിയ ഭരണഘടന തയാറാക്കാൻ കമ്മിറ്റിക്കു രൂപം നൽകും. നിയമവിദഗ്ധരും അമ്മയിലെ നിയമ പരിജ്ഞാനമുള്ളവരും ഉൾപ്പെടുന്ന കമ്മിറ്റി ഭരണഘടന തയാറാക്കും. ഇതിൽ ജോയ് മാത്യുവും ഉൾപ്പെടും. ദിലീപ് വിഷയമുൾപ്പെടെ പൊതുസമൂഹത്തിനു മുന്നിൽ അമ്മ അപഹാസ്യമാകാൻ കാരണം ഭരണഘടനയിലെ പോരായ്മയാണെന്നു ജോയ് മാത്യു ചൂണ്ടിക്കാട്ടിയിരുന്നു.
നിർണായകമാകുമെന്ന് കരുതിയ നിർവാഹക സമിതിയോഗത്തിൽ സുപ്രധാന തീരുമാനങ്ങളൊന്നുമുണ്ടായില്ല. നടിയെ ഉപദ്രവിച്ച കേസിൽ കക്ഷിചേരാൻ അമ്മ ഭാരവാഹികൾ നടത്തിയ ശ്രമം, നടൻ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം എന്നീ വിഷയങ്ങളിലൊന്നും ഇന്നലത്തെ യോഗത്തിൽ അഭിപ്രായമുണ്ടായില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള എ.എം.എം.എ വനിതാ ഭാരവാഹികളായ രചനാ നാരായണന് കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാ ഉള്ളതാണെന്നും അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും നടന് ജഗദീഷ് പറഞ്ഞു. എന്നാല്‍ നടിയ്ക്ക് പിന്തുണ നല്കുന്ന കാര്യം അവരുമായി ചര്‍ച്ച ചെയ്തിരുന്നു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതില്‍ നിയമപരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ട് അത് തിരുത്തും ജഗദീഷ് പറഞ്ഞു.
Comments are closed.